Movies
ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലിറങ്ങിയ അനോമിയിലെ കഥാപാത്രം ജീവിതകാലം മുഴുവൻ തനിക്കൊപ്പമുണ്ടാകുമെന്ന് നടി ഭാവന. സാറയായുള്ള തന്റെ യാത്ര ആനന്ദകരമായിരുന്നുവെന്നും എല്ലാത്തിനും നന്ദിയെന്നും ഭാവന കുറിച്ചു.
‘‘എന്റെ പ്രിയപ്പെട്ട സാറ. നീ പ്രായോഗിക ബുദ്ധിയുള്ളവളാണ്, ശ്രദ്ധാലുവാണ് ! പ്രതിരോധശേഷിയുള്ളവളാണ് ! ശാന്തയാണ് ! നിന്നോടൊപ്പമുള്ള എന്റെ യാത്ര വളരെ ആനന്ദമുള്ളത് ആയിരുന്നു! നിന്റെ ഒരു ഭാഗം എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകും! നിന്റെ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! നന്ദി! എല്ലാത്തിനും നന്ദി.’’ഭാവനയുടെ വാക്കുകൾ.
സാറ എന്ന ഫോറന്‍സിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ചിത്രത്തിലെത്തിയത്. കൗതുകകരവുമായ പ്രമേയവുമായി എത്തിയ അനോമി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Movies
സർവ്വം മായയിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ റിയ ഷിബുവിന് അഭിനന്ദനവുമായി സൂര്യയും ജ്യോതികയും. ചിത്രത്തിലെ റിയയുടെ അഭിനയത്തെ പ്രത്യേകം പ്രശംസിച്ചാണ് താരദമ്പതികൾ സമ്മാനം അയച്ചത്. ഇതിന്റെ സന്തോഷം റിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
സൂര്യയെയും ജ്യോതികയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു റിയയുടെ പോസ്റ്റ്. റിയയെ കൂടാതെ സിനിമയുടെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസിനും ദമ്പതികളുടെ അഭിനന്ദനം ലഭിക്കുകയുണ്ടായി.
‘ശരിക്കും സന്തോഷം കൊണ്ട് എനിക്ക് ആകാശം മുട്ടെ പറക്കാൻ തോന്നുന്നു! സൂര്യ സർ, ജ്യോതിക മാം, ഒത്തിരി നന്ദി. എന്റെ പ്രകടനത്തിലുള്ള അഭിനന്ദനമായി ഈ സമ്മാനം അയച്ചുതരാൻ നിങ്ങൾ കാണിച്ച ആ മനസിനും സമയത്തിനും വലിയ വിലയുണ്ട്. സർവം മായ ടീമിന് മുഴുവനായും ലഭിച്ച അംഗീകാരമായി ഞാൻ ഇത് സ്വീകരിക്കുന്നു.’’ റിയ കുറിച്ചു.
‘സർവം മായ’ എന്ന ചിത്രത്തിൽ ഡെലുലു എന്ന കഥാപാത്രത്തെയാണ് റിയ അവതരിപ്പിച്ചത്.
Movies
നടൻ അല്ലു അർജുനെതിരെ ആരോപിച്ച 42 നിയമങ്ങൾ എന്ന വിവാദപ്രസ്താവനയിൽ മാപ്പ് ചോദിച്ച് ബ്രാൻഡ് സ്ട്രാറ്റജിസ്റ്റും മാധ്യമപ്രവർത്തകയുമായ കാവേരി ബറുവയും അഭിമുഖം നടത്തിയ പോഡ്കാസ്റ്ററും.
താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്നും യാതൊരു രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലല്ല അത് പറഞ്ഞതെന്നും കാവേരി വ്യക്തമാക്കി. സ്വീകൃതി ടോക്സ് എന്ന പോഡ്കാസ്റ്റിലൂടെയായിരുന്നു കാവേരിയുടെ വിവാദ വെളിപ്പെടുത്തൽ. അല്ലു അർജുനെ കാണുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ടീം 42 നിർദ്ദേശങ്ങളടങ്ങിയ ഒരു ലിസ്റ്റ് നൽകിയെന്നായിരുന്നു കാവേരി പറഞ്ഞിരുന്നത്.
അല്ലു അർജുനെ കാണുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ടീം 42 നിർദ്ദേശങ്ങളടങ്ങിയ ഒരു ലിസ്റ്റ് നൽകിയെന്നായിരുന്നു കാവേരി പറഞ്ഞിരുന്നത്. ‘അല്ലു അർജുന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്, ഫോൺ ഉപയോഗിക്കരുത്’ തുടങ്ങിയ കാര്യങ്ങൾ ഇതിലുണ്ടെന്നും തന്റെ ഫോൺ ബോഡിഗാർഡ് പിടിച്ചുവാങ്ങിയെന്നും അവർ ആരോപിച്ചിരുന്നു.
Movies
വലിയ ശബ്ദ കോലാഹലങ്ങളില്ലാതെ ലളിതമായി പ്രേക്ഷക മനസിലേക്ക് പതിയുന്ന ഒരു കഥ പറയുന്ന വൈകാരിക ചിത്രമാണ് കരുതൽ. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവാസി കുടുംബങ്ങളിൽ നടന്ന സംഭവങ്ങൾ കോർത്തിണക്കി ഡ്രീംസ് ഓൺ സ്ക്രീൻ -ന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന മികച്ച ഫാമിലി ഫീൽഗുഡ് മൂവിയാണ് കരുതൽ.
കരുതൽ ആനുകാലിക യുവതലമുറ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് തുറന്നു പിടിച്ചിരിക്കുന്ന ഒരു കണ്ണാടി. തൊഴിൽ സംബന്ധമായ, വിവാഹ സംബന്ധമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യുവതലമുറക്ക് പ്രവാസ ലോകമാണ് ഒരു പ്രതിവിധി. പക്ഷേ ആ പ്രതിവിധി അവർ സ്വീകരിക്കുമ്പോൾ നാട്ടിൽ ഒറ്റയ്ക്കായി പോകുന്ന മാതാപിതാക്കൾ അവർ അനുഭവിക്കുന്ന വേദനകൾ ഇതെല്ലാം മികച്ച ഒരു കുടുംബ ചിത്രമായി അവതരിപ്പിച്ചിരിക്കുന്ന മലയാള ചിത്രമാണ് കരുതൽ.
ഇന്ത്യ, യുഎസ്, അയർലൻഡ് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. പ്രശാന്ത് മുരളി, ഐശ്വര്യാ നന്ദൻ, ജോമി ജോസ്, സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, മോളി പയസ് , സുനിൽ സുഖദ, കോട്ടയം രമേശ്, സിബി തോമസ്, ഷിജോ പഴേംമ്പള്ളിൽ, ജോ സ്റ്റീഫൻ, ഷെറിൻ സാം, സ്മിതാ ലൂക്ക്, രശ്മി തോമസ്, സരിതാ തോമസ്, നയനാ മിഥുൻ, ട്വിങ്കിൾ സൂര്യ, ആർജെ സൂരജ്, ജോസ് കൈപ്പാറേട്ട്, ബിജിമോൾ സണ്ണി എന്നിവർ മുഖ്യവേഷങ്ങളിൽ ഉണ്ട്.
ദേശീയ - അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ജോമി ജോസ് കൈപ്പാറേട്ട് എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ കാമറ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സാബു ജയിംസാണ്. സഞ്ജു സൈമൺ മാക്കീൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, പ്രൊഡക്ഷൻ കൺട്രോളർ: സ്റ്റീഫൻ ചെട്ടിക്കൻ, കോർഡിനേറ്റർ : ബെയ്ലോൺ എബ്രാഹം, സംഗീതം : ജോൺസൺ മങ്ങഴ, ഗായകർ : പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ , റാപ്പർ സ്മിസ്, ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്മിനേഷ് എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്നു.
ബിജിഎം-അനിറ്റ് പി. ജോയി, ഡിഐ- മുഹമ്മദ് റിയാസ്, സോംഗ് പ്രോഗ്രാമിംഗ്- റോഷൻ, എഡിറ്റർ- സന്ദീപ് നന്ദകുമാർ, അസോസിയേറ്റ് ഡയറക്ടർ-സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ- വൈശാഖ് ശോഭന കൃഷ്ണൻ, കല-റോബിൻ സ്റ്റീഫൻ, കോ-പ്രൊഡ്യൂസേഴ്സ് : ഷാലിൻ ഷീജോ കുര്യൻ പഴേംമ്പള്ളിയിൽ, മാത്യു മാപ്ലേട്ട്, ജോ സ്റ്റീഫൻ, ടോമി ജോസഫ്, കോർഡിനേറ്റർ-ബെയ്ലോൺ അബ്രഹാം, മേക്കപ്പ്- പുനലൂർ രവി, അസോസിയേറ്റ് മേക്കപ്പ് അനൂപ് ജേക്കബ്, കോസ്റ്റ്യൂംസ്- അൽഫോൻസ് ട്രീസ പയസ്, റെക്കോഡിസ്റ്റ്-രശാന്ത് ലാൽ മീഡിയ, മിക്സിംഗ് : ആനന്ദ് ബാബു, ടൈറ്റിൽ-സത്യൻസ്, പരസ്യകല-ആർക്രീയേറ്റീവ്സ്.
Movies
നവാഗതനനായ ജിത്തു സതീശൻ തിരക്കഥയെഴുതി സംവിധാനം സംഭവം അധ്യായം ഒന്ന് എന്ന സിനിമ മാർച്ച് ആറിന് തിയറ്ററുകളിലെത്തും. അസ്കര്‍ അലി, വിനീത് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാടിന്റെ പശ്ചാത്തലത്തിൽ മിസ്റ്ററി ഫാന്റസി ത്രില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
അസ്കര്‍ അലി, വിനീത് കുമാർ എന്നിവര്‍ക്ക് പുറമേ സിദ്ധാർഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസിം ജമാൽ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്ന റഷീദ്, ചായഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് മെൽബിൻ മാത്യു, അനൂപ് മോഹൻ എന്നിവരാണ്.
പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ തീയറ്ററുകളിൽ എത്തും. പിആര്‍ഒ വാഴൂർ ജോസ്.
Movies
സർക്കാരിനെതിരെയുള്ള അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ നടൻ പ്രേംകുമാറിന്റെ പിന്തുണച്ച് സംവിധായകൻ വിനയൻ. ഒരു വാക്കു പോലും പറയാതെ പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കിയത് ശുദ്ധ നെറികേടായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിലപാടിൽ സത്യവും വസ്തുതയും ഉണ്ടെന്നും വിനയൻ കുറിച്ചു.
അതേസമയം പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
''നടൻ പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങൾക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാൻ പറഞ്ഞിരുന്നു.
തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്. അല്ലങ്കിൽ പിറ്റേ ദിവസം കിളക്കാൻ വരുമ്പോൾ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാൽ അവൻ വഴക്കുണ്ടാക്കും.
പക്ഷേ, പ്രേംകുമാറിന് കൂടെ ജോലിചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാർത്ത കൊടുക്കുകയാണ് സാംസ്കാരിക വകുപ്പ് ചെയ്തത്.
"ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ... നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ... പക്ഷേ അപമാനിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല,’’ എന്നാണ് അന്നു പ്രേംകുമാർ പറഞ്ഞത്. അതിൽ എല്ലാമുണ്ട്.
ഇതിഹാസങ്ങളേം കോട്ടിട്ട പൗരപ്രമുഖരേം മാത്രമല്ല കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവരർഹിക്കുന്ന വിലകൊടുക്കണം.
അതാണു ജനാധിപത്യം. മറിച്ചു ചെയ്യുന്നതിനാണ് സ്വജന പക്ഷപാതമെന്നു പറയുന്നത്. മലയാള സിനിമാ സംഘടനകൾ ഒന്നും ഒരു വാക്കു കൊണ്ടു പോലും അന്ന് നടൻ പ്രേം കുമാറിനെ സപ്പോർട്ടു ചെയ്തില്ല എന്ന കാര്യവും ഇവിടെ ഓർത്തു പോകുന്നു''. വിനയൻ കുറിച്ചു.
ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ ഇക്കഴിഞ്ഞദിവസങ്ങളിൽ പ്രേംകുമാർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
കേരള സാഹിത്യഅക്കാദമി ചെയർമാനായ കവി സച്ചിദാനന്ദൻ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടും അദ്ദേഹത്തിന്റെ ചെയർമാൻ സ്ഥാനത്തിന് ഇതുവരെ ഇളക്കം തട്ടിയില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രേംകുമാറിന്റെ പ്രസ്താവന.
പ്രേംകുമാറിന്റെ വാക്കുകൾ: ‘‘സിനിമാ അവാർഡ് പ്രഖ്യാപനത്തിന്റെ കൃത്യം തലേ ദിവസം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്രഅക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും ഞാൻ പുറത്താകുന്നു. ഒരാളോടും ഒരു നന്ദി പോലും പറയാൻ അവസരം നൽകാതെ പുറത്താക്കുന്നു.
ഇത്ര ധൃതി പിടിച്ചു തിടുക്കപ്പെട്ട് എന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ചലച്ചിത്രമേഖലയും സാംസ്കാരികപ്രവർത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം എന്റെ പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നു.
ഒരവസരത്തിൽ സാംസ്കാരിക മന്ത്രി പോലും അക്കാദമി ചെയർമാനെന്ന നിലയിൽ 'പ്രേംകുമാറിന്റെ പ്രവർത്തനം ഏറ്റവും മികച്ചതാണെന്ന്' പരസ്യമായി പ്രകീർത്തിക്കുകയുണ്ടായി. ആ എന്റെ പ്രവർത്തനമികവും സംഘാടനശേഷിയും ലഭിച്ച പ്രശംസകളും പ്രകീർത്തനങ്ങളും എല്ലാം എത്ര വേഗത്തിലാണ് എത്ര നിസാരമായാണ് അലിഞ്ഞില്ലാതായത്.
ഔദ്യോഗികസ്ഥാനത്ത് തികഞ്ഞ ആത്മാർത്ഥതയോടും അർപ്പണബോധത്തോടും സത്യസന്ധതയോടുമുള്ള എന്റെ കർമനിരത ഒരു കുറ്റമാണോ? എന്ന് പിന്നീട് ഞാൻ സന്ദേഹിയായി.
മാസങ്ങൾക്കുമുമ്പ്- മനുഷ്യസ്നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തിൻറെ മുന്നോടിയായി നടന്ന ആലോചനായോഗത്തിൽ 'ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുമ്പോൾ സെക്രട്ടേറിയറ്റിനു മുന്നിൽ തെരുവിൽ നിരാഹാര സമരം ചെയ്യുന്ന 'ആശാവർക്കർമാരായ സഹോദരിമാരെയും' നാം ഓർക്കേണ്ടതല്ലേയെന്ന' തീർത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് - ആശാസമരം പരിഹരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ് - എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞു.
ചെയർമാൻ സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ എനിക്കു ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറിൽ കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ, ക്ഷണമോ എനിക്ക് ലഭിച്ചതുമില്ല.’’
Movies
അവയവദാനം നടത്തിയ പൊന്നോമന ആലിൻ ഷെറിന് വേണ്ടി കുറിപ്പുമായി മോഹൻലാൽ. ആലിൻ മോൾ ഇനിയും കോടിക്കണക്കിന് ആളുകളുടെയുള്ളിൽ ജീവിക്കുമെന്നാണ് മോഹൻലാൽ കുറിപ്പിൽ പറയുന്നത്.
''തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്.
ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്.
ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും''. മോഹൻലാൽ കുറിച്ചു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ റോഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.
Movies
നീതിയും നിയമവും മനുഷ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. കാലങ്ങളായി നിയമപോരാട്ടം നടത്തേണ്ട കേസുകളും ഉണ്ട്. കുടംബ ജീവിതത്തിൽത്തുടങ്ങി പല മേഖലകളിലേക്കും കേസുകൾ കടന്നു വരുന്നു.
അതിന്റെ പിന്നാലെയുള്ള കടമ്പകൾ കോടതികളുടെപശ്ചാത്തലത്തിലൂടെ ഗ്രാമീണ ജീവിതവും ചേർത്ത് തികഞ്ഞ സറ്റയറിലൂടെഅവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു.
Movies
തന്റെ ജീവിതത്തിലുണ്ടായ വ്യക്തിപരമായ തകർച്ചകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹൻദാസ്. മലയാളത്തിലെ പ്രമുഖനായ ഒരു നടൻ തന്നെ ഡേറ്റിംഗിനു ക്ഷണിച്ചതിനെക്കുറിച്ചും എന്നാൽ പിന്നീട് ആ നടന്റെ വിവാഹനിശ്ചയം ഒരു മാസം മുൻപേ കഴിഞ്ഞതായിരുന്നു എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും മംമ്ത പറഞ്ഞു.
ഒരു പരസ്യ പ്രമോഷനായി നടി സുഹാസിനി നടത്തിയ അഭിമുഖത്തിലാണ് മംമ്ത തന്റെ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ പങ്കുവെച്ചത്.
''രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒരു പെണ്‍കുട്ടി എന്ന നിലയിലുള്ള എന്റെ പ്രതീക്ഷകള്‍ എല്ലാം പൂര്‍ത്തിയാക്കേണ്ട തിരക്കിലായിരുന്നു ഞാന്‍. പക്ഷേ റിലേഷന്‍ഷിപ്പിനെ കുറിച്ച് എനിക്കറിയില്ല, മുന്‍ പരിചയങ്ങളുമുണ്ടായിരുന്നില്ല. മലയാളത്തിലെ ഒരു നടന് എന്നെ ഡേറ്റിംഗിന് ക്ഷണിച്ചു, ഞാന്‍ അമ്മയോട് അതിന് അനുവാദവും വാങ്ങി.
അതിന് ശേഷമാണ് ഞാന്‍ അറിയുന്നത്, ആ നടന്റെ വിവാഹ നിശ്ചയം ഒരു മാസം മുന്‍പ് നടന്നതാണ് എന്ന്. എനിക്കത് വലിയ ഷോക്കിംഗ് ആയിരുന്നു. പിന്നീടൊരു റിലേഷന്ഷിപ് ഉണ്ടായി, അത് എന്റെ സമയം പാഴാക്കുന്ന ഒരു ബന്ധമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
മുന്‍ ഭര്‍ത്താവ് പ്രജിത്തിനെ ഞാന്‍ കണ്ടുമുട്ടിയത്, അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയുടെ വിവാഹത്തിലാണ്. സംസാരിച്ചപ്പോള്‍ ഞങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം സമാനമായിരുന്നു. എന്തുകൊണ്ട് നമുക്ക് വിവാഹം ചെയ്തുകൂടാ, എന്റെ ഇരട്ട സഹോദരിയുടെ വിവാഹം കഴിഞ്ഞു ഇനി എന്റേതാണ് എന്ന് പ്രജിത്ത് പറഞ്ഞു.
ഓക്കെ അച്ഛനോട് സംസാരിക്കൂ എന്ന് ഞാനും പറഞ്ഞു. അത്രയും സിംപിളായിരുന്നു ആ തീരുമാനം. വിവാഹം എന്നത് ജീവിത കാലം മുഴുവന്‍ ഉള്ള കമ്മിറ്റ്മെന്റ് എന്നതായിരുന്നു എന്റെ ചിന്ത. പക്ഷേ കല്യാണം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം എനിക്ക് അതില്‍ നിന്ന് പുറത്ത് കടക്കേണ്ടി വന്നു.
അത്ര എളുപ്പമായ ഒരു തീരുമാനമായിരുന്നില്ല അത്. കല്യാണത്തിന്റെ തീരുമാനത്തില്‍ എനിക്കായിരുന്നു നിര്‍ബന്ധം, ‘മംമ്ത ശരിക്കും നീ ആലോച്ചിട്ടാണോ?’ എന്ന് അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്. കാരണം അവര്‍ ബഹ്റൈനിലെ വലിയൊരു ബിസിനസ് കുടുംബമാണ്.
ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ ശരീരവും ആരോഗ്യവുമായി പോരാടുകയാണ്, എനിക്കൊരു കംപാനിയന് വേണം എന്ന് വാശിപിടിച്ചത് ഞാനാണ്.
വിവാഹബന്ധമെന്നാൽ നമ്മളതിൽ വർക്ക് ചെയ്യണം. ആരെയാണ് നിങ്ങൾ വിവാഹം ചെയ്യുന്നതെങ്കിലും ആ ബന്ധത്തിൽ നമ്മൾ വർക്ക് ചെയ്യണം. എന്റെ ഡിവോഴ്സ് കഴിഞ്ഞയുടനെ ഞാൻ മറ്റൊരു ബന്ധത്തിലേക്ക് കടന്നു. പിന്നീടാണ് അത് റീബൗണ്ട്സ് ആണെന്ന് ഞാൻ മനസിലാക്കിയത്. അത് നമ്മൾക്ക് വലിയ ദോഷം ചെയ്യും.’’ മംമ്ത മോഹൻദാസ് പറയുന്നു.
Movies
വണ്ണം വച്ചുവെന്നും വീർത്താണ് ഇരിക്കുന്നത് എന്നുമുള്ള ശാരീരിക അധിക്ഷേപങ്ങൾക്കെതിരെ മറുപടിയുമായി നടിയും പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയുമായ പ്രിയ മോഹൻ.
പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന നൽകുന്ന ഫൈബ്രോമയാൾജിയ എന്ന രോഗത്തിന് ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ് താരം. ചികിത്സയുടെ ഭാഗമായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലം ശരീരഭാരം വർദ്ധിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസങ്ങൾക്കാണ് പ്രിയ മറുപടി നൽകിയിരിക്കുന്നത്.
"അതെ, എനിക്ക് അല്പം തടി കൂടിയിട്ടുണ്ട്. എന്റെ മുഖവും കണ്ണുകളും വീർത്തതുപോലെയാണ്. ഫൈബ്രോമയാൾജിയയുടെ ചികിത്സയ്ക്കായി ഞാൻ കഴിക്കുന്ന സ്റ്റീറോയ്ഡ് മരുന്നുകളുടെ പാർശ്വഫലങ്ങളാണിവ. ഭൂരിഭാഗം സമയത്തും ഞാൻ തളർന്നുപോയതുപോലെ തോന്നിക്കുന്നുണ്ടാകാം.
മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാൻ ധാരാളം സമയം കണ്ടെത്തുന്നവർക്ക് വേണ്ടിയാണ് ഈ വിശദീകരണം. സൗന്ദര്യത്തിന് കാത്തിരിക്കാം,
പക്ഷേ രോഗശാന്തിക്ക് കഴിയില്ല. ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. മറ്റൊരാളുടെ ജീവിതയാത്രയെ വിധിക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ഈ ജീവിതത്തിലുണ്ട്. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക''. പ്രിയ മോഹൻ കുറിച്ചു.
2023 മുതൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിലും അടുത്തിടെയാണ് പ്രിയയ്ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രിയയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി ആരാധകരും സുഹൃത്തുക്കളും താരത്തിന് പിന്തുണയുമായി രംഗത്തെത്തി. രോഗാവസ്ഥയെ ധീരമായി നേരിടുന്ന പ്രിയയുടെ നിലപാട് മാതൃകാപരമാണെന്ന് ആരാധകർ കുറിച്ചു.
Movies
വാഹനപകടത്തിന് പിന്നാലെ തന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവത്തെക്കുറിച്ച് നടൻ മണിയൻപിള്ള രാജു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. തന്റെ പേഴ്സും കാർഡും നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് രാജു പറഞ്ഞത്.
എല്ലാം നഷ്ടപ്പെട്ടെന്നു വിചാരിച്ചിരുന്നപ്പോഴാണ് സാബു എന്ന ഓട്ടോക്കാരൻ ദൈവത്തിന്റെ രൂപത്തില്‍ കളഞ്ഞുകിട്ടിയ തന്റെ പഴ്സുമായി എത്തിയതെന്ന് അദ്ദേഹം പറയുന്നു.
‘‘നമസ്ക്കാരം ഒരു സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുവാൻ തോന്നി. കഴിഞ്ഞ ദിവസം എന്റെ പഴ്സ് കളഞ്ഞു പോയി.. അതിൽ കുറച്ച് പൈസയും പൈസയേത്താൾ വിലയുള്ള കാർഡ് കളും ഉണ്ടായിരുന്നു.
എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സയൂജ് (സാബു) എന്ന ഒരു ഓട്ടോക്കാരന്റെ രൂപത്തിൽ വന്നത്. എന്റെ പഴ്സ് കളഞ്ഞു കിട്ടിയത് അവർക്കാണ്.. എന്റെ വീട് അന്വേഷിച്ചു കണ്ടെത്തി സാബുവും ഭാര്യ ഉഷയും ചേർന്ന് വീട്ടിൽ കൊണ്ട് വന്ന് തരുകയായിരുന്നു. വളരെയധികം സന്തോഷം നൽകിയ സമയം ആയിരുന്നു അത്..
അവരുടെ ഈ നന്മയ്ക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു. അവരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.’’സാബുവിന്റെയും ഉഷയുടെയും ഒപ്പമുള്ള സെൽഫിക്കൊപ്പം മണിയൻപിള്ള കുറിച്ചു.
‘നന്ദി മാത്രമേ ഉള്ളോ?’ എന്നൊരു വിമർശക കമന്റിന് മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള മറുപടി നൽകിയതും ശ്രദ്ധേയമായി. ‘ബാക്കി എന്തു ചെയ്തു എന്നുള്ളത്, പോസ്റ്റില്‍ ഇടേണ്ട കാര്യമുണ്ടോ?’ എന്നായിരുന്നു നിരഞ്ജിന്റെ മറുപടി.
Movies
നടി മഞ്ജു വാര്യരുടെ കഴുത്തിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മഞ്ജു ആരാധകർക്കിടയിലെ ചർച്ച. എങ്ങനെയാണ് താരത്തിന്റെ കഴുത്തിൽ ആ പാച്ച് വന്നതെന്നായിരുന്നു ആരാധകരെ ആശങ്കപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഭാവന നായികയായ അനോമി എന്ന സിനിമയുടെ പ്രദർശനം കാണാൻ എത്തിയ മഞ്ജുവിന്റെ വീഡിയോ വൈറലായതോടെയാണ് ചർച്ചകൾ തുടങ്ങിയത്.
താരത്തിന്റെ കഴുത്തിൽ ഒട്ടിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള പാച്ച് കണ്ടതോടെ താരം എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയയായതാണോ എന്ന രീതിയിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നിരുന്നു. എന്നാൽ ഇത് ശസ്ത്രക്രിയയുടെ അടയാളമല്ല. മോഷൻ സിക്ക്നെസ് പാച്ച് ആണ്.
യാത്രയ്ക്കിടയിൽ അനുഭവപ്പെടുന്ന തലകറക്കം, ഛർദ്ദി, അസ്വസ്ഥത എന്നിവ ഒഴിവാക്കാനാണ് മോഷൻ സിക്ക്നെസ് പാച്ചുകൾ ഉപയോഗിക്കുന്നത്.
സാധാരണയായി ചെവിയുടെ പുറകിലോ കഴുത്തിലോ ആണ് ഇവ ഒട്ടിക്കാറുള്ളത്. ഇതിൽ അടങ്ങിയിരിക്കുന്ന മരുന്ന് ചർമ്മത്തിലൂടെ സാവധാനം ശരീരത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ആന്തരിക കർണ്ണത്തിലെ ബാലൻസിനെ നിയന്ത്രിച്ച് തലകറക്കം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
Movies
ഭാരതപ്പുഴയുടെ തീരത്ത് തിരുന്നാവയുടെ മണ്ണിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുത്ത് നിഖില വിമലിന്റെ സഹോദരിയും സന്യാസിനിയുമായ അവന്തിക ഭാരതി. ആത്മീയതയുടെ പാത പിന്തുടർന്ന് അഖില എന്ന് പേര്മാറ്റി അവന്തിക ഭാരതി എന്ന പേര് സ്വീകരിച്ചയാളാണ് നിഖിലയുടെ സഹോദരി.
മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവത്തിന് ചുക്കാൻ പിടിച്ചതും അവന്തികയായിരുന്നു.
ജുനാ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്.
സന്യാസ വേഷത്തിൽ ഭാരതപ്പുഴയിൽ പുണ്യസ്നാനത്തിനെത്തിയ അഖിലയെ കണ്ട് ആരാധകരും ഭക്തരും ഒരേപോലെ അദ്ഭുതപ്പെട്ടു.
‘‘എന്തൊരു തേജസ്. എന്തൊരു ഐശ്വര്യം. പ്രശസ്ത അഭിനേത്രി ആയ നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു എന്ന് വായിച്ചറിഞ്ഞിരുന്നു. പക്ഷെ നേരിൽ കാണാൻ കഴിയും എന്ന് കരുതിയില്ല. കണ്ടു, അവരും തിരുനാവായിൽ ഉണ്ട്. സന്തോഷം.’’നിസാരി മേനോൻ എന്ന ബ്ലോഗർ കുറിച്ചു.
അഖിലയുടെ ഈ ജീവിതമാറ്റത്തെക്കുറിച്ച് മുൻപ് വലിയ രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. അന്ന് ഈ അന്വേഷണങ്ങൾക്ക് മറുപടിയായി അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.
തന്റെ ശിഷ്യ അഖില സന്യാസ ദീക്ഷയിലൂടെ അവന്തിക ഭാരതി എന്ന നാമത്തിലേക്ക് മാറിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകം കാണാനും യാത്ര ചെയ്യാനും ഇഷ്ടപ്പെട്ടിരുന്ന അഖില, കൃത്യമായ ബോധ്യത്തോടെയും ആത്മീയ ചിന്തയോടെയുമാണ് ഈ വഴി തെരഞ്ഞെടുത്തതെന്ന് സന്യാസ വേഷത്തിലുള്ള ചിത്രങ്ങൾ മുൻപ് വൈറലായപ്പോൾ തന്നെ വ്യക്തമായിരുന്നു.
സഹോദരിയുടെ ഈ തീരുമാനത്തെക്കുറിച്ച് വളരെ പക്വമായ നിലപാടാണ് നിഖില വിമലും സ്വീകരിച്ചത്. ‘‘36 വയസുള്ള, ഉയർന്ന വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അച്ഛൻ ഒരു നക്സലൈറ്റായിരുന്നു, അതുകൊണ്ട് തന്നെ ഞങ്ങളുടേത് ഒരു സാധാരണ കുടുംബമല്ല. ഒരു നക്സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന ചോദ്യത്തിൽ അർഥമില്ല, വീട്ടുകാർക്ക് ഇല്ലാത്ത ആശ്ചര്യം എന്തിനാണ് നാട്ടുകാർക്ക്?’’ എന്നാണ് നിഖില വിമൽ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്.പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. അമ്മയുടെ പാതപിന്തുടര്ന്ന് രണ്ടുപേരും നൃത്തം പഠിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ നിഖില സിനിമയിലെത്തിയിരുന്നു. എന്നാല്‍ മൂത്ത സഹോദരിയായ അഖില പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില എന്ന അവന്തിക ഭാരതി.
Movies
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രേമലുവിന്റെ രണ്ടാം ഭാഗം. എന്നാൽ ചിത്രം ഉപേക്ഷിച്ചുവെന്നാണ് പുതിയതായി വരുന്ന റിപ്പോർട്ടുകൾ. തിരക്കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളാണ് ചിത്രം ഉപേക്ഷിക്കാൻ കാരണമെന്ന് പറയുന്നു. എന്നാൽ ഇത് ഔദ്യോഗിക സ്ഥിരീകരണമല്ല.
ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു.
‘പ്രേമലു’ സിനിമയുടെ വിജയാഘോഷ പരിപാടിയിൽ വച്ചായിരുന്നു 2024 ഏപ്രിൽ 18ന് പ്രേമലു 2 പ്രഖ്യാപിച്ചത്. മലയാളത്തിനു പുറമെ തമിഴ്–തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനും പദ്ധതിയിട്ടിരുന്നു.
എന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രേമലു 2 നീണ്ടുപോകുകയായിരുന്നു. അതിനിടെയാണ് ചിത്രം പൂർണമായും ഉപേക്ഷിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്ലിനും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമിച്ചത്.
Movies
അർബുദത്തെക്കുറിച്ച് നടിയും അവതാരകയുമായ ജുവൽ മേരിയുടെ തുറന്നുപറിച്ചിൽ വളരെയധികം ചർച്ചയായിരുന്നു. ഇപ്പോഴിതാ കാൻസർ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചാണ് താരം പറയുന്നത്.
മുഖത്ത് വന്ന മാറ്റങ്ങള്‍ തന്നെ സങ്കടപ്പെടുത്തുന്നുണ്ടെന്നും കഴുത്തിന്റെ ഭംഗി നഷ്ടമായെന്നും നടി പറയുന്നു. ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തഴുകുമ്പോള്‍ അവിടെ ഒരു തരിപ്പ് മാത്രമെയുള്ളുവെന്നും ജുവല്‍ വെളിപ്പെടുത്തി.
‘‘ഈ പടങ്ങളിലും എന്റെ സർജറി സ്കാർ.. അത് ഹീൽ ആയി വന്നപ്പോൾ ലൂസ് ആയി പോയ സ്കിൻ ! എന്റെ മുഖത്തിന്റെ മാറ്റം ഒക്കെ എന്നെ സങ്കടപ്പെടുത്തുന്നുണ്ട് ! എന്റെ മുഖം മാറിപ്പോയെന്നും കഴുത്തൊക്കെ ഭംഗിയില്ലാണ്ടായന്നും.. ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തടവി ഞാൻ ആലോചിക്കും ! എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാൽ അറിയില്ല.. ഒരു തരിപ്പ് മാത്രേ ഉള്ളു ! എന്ത് കോമഡി ആണ് ഇതൊക്കെ..
ഈ വക സങ്കട പരാതികൾ ഒക്കെ ബെസ്റ്റീസിനോട് പറയുമ്പോൾ അവര്‍ പറയുവാ “ ഈ പടത്തിൽ നിന്റെ ചിരി അല്ലാണ്ട് ഒരു കുന്തോം കാണുന്നില്ല സുന്ദരി പെണ്ണെ എന്ന്’’! ഞാൻ ഒന്നും കൂടി നോക്കട്ടെ ... നേരാ നമ്മടെ ലാൽ സർ ‘തൊമ്മനും മക്കളും’ സിനിമേല് പറഞ്ഞ പോലെ “ നിന്നെ കാണാൻ പണ്ടാര ഗ്ലാമർ ആടാ പന്നി !!!”
നേരാ ഞാൻ സുന്ദരിയാ ! ഒരു തരം രണ്ടു തരം ! മൂന്നു തരം ! എന്നോട് എന്തെങ്കിലും ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ ഒക്കെ പറയാൻ ഉണ്ടേൽ കമന്റിൽ പറഞ്ഞോ ഞാൻ ഒന്ന് വായിച്ചു സന്തോഷിക്കട്ടെ !’’ജുവൽ മേരിയുടെ വാക്കുകൾ.
2023-ലാണ് ജുവലിനു തൈറോയ്ഡ് കാൻസർ ആണെന്നു കണ്ടെത്തുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം താൻ പൂർണ ആരോഗ്യവതിയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. ഒരു ചെക്കപ്പിന് പോയപ്പോഴാണ് തൈറോയ്ഡ് കാൻസറാണെന്ന സംശയം തോന്നിയത്. പിന്നീട് ചികിത്സ തേടി.
ഇപ്പോൾ പൂർണ ആരോഗ്യവതി ആണെന്നും സമാനമായ അവസ്ഥകളിലൂടെ കടന്നു പോകുന്നവർക്ക് ഒരു വെളിച്ചമേകാനാണ് ഇപ്പോൾ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നും ഔദ്യോഗിക പേജിൽ പങ്കുവച്ച വീഡിയോയിൽ ജുവൽ പറഞ്ഞിരുന്നു.
Movies
ചെറിയ പ്രായത്തിൽ തന്നെ ജീവിതത്തെക്കുറിച്ചെടുത്ത നിർണായക തീരുമാനത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി ലെന. വിവാഹശേഷം കുട്ടികൾ വേണ്ട എന്നതായിരുന്നു ചെറുപ്രായത്തിലേ എടുത്ത തീരുമാനമെന്ന് താരം പറയുന്നു.
വിവാഹം കഴിഞ്ഞാൽ കുട്ടികൾ എന്നത് ഒരു ‘ഡീഫോൾട്ട്’ മോഡിൽ സംഭവിക്കേണ്ട ഒന്നല്ലെന്നാണ് ലെന പറയുന്നത്. മറിച്ച് മാതാപിതാക്കൾ അതീവ ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും എടുക്കേണ്ട ഒരു തീരുമാനമാണെന്നും മികച്ചൊരു പേരന്റ് ആകാൻ തനിക്ക് സാധിക്കുമോ എന്ന സ്വയം തിരിച്ചറിവും സ്വന്തം ബാല്യത്തിൽ അനുഭവിച്ച ഏകാന്തതയുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അവർ പറയുന്നു.
കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച ഒരാളാണ് ഞാൻ. സർ പറഞ്ഞ ലാസ്റ്റ് പോയിന്റിനോട് എനിക്ക് പൂർണമായും യോജിപ്പുണ്ട്. അതായത് കുട്ടികൾ ഉണ്ടാകുന്നതിനു മുമ്പും കുട്ടികളെ എങ്ങനെ നോക്കും എന്നൊക്കെയുള്ള ഒരു പ്ലാൻ ഉണ്ടായിരിക്കണം.
അതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾ വളരെ ഗൗരവകരമായി എടുക്കേണ്ടതാണ്. ഇതൊരു ‘ഡീഫോൾട്ട് മോഡി’ൽ കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവണം, അത് അങ്ങനെ പൊയ്ക്കോളും, എങ്ങനെയെങ്കിലും പൊയ്ക്കോളും എന്നുള്ള രീതിയിൽ ചിന്തിക്കുന്നത് തെറ്റാണെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ.
വളരെ ചെറിയ പ്രായത്തിൽ കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച ഒരാളാണ്. കാരണം എനിക്ക് നല്ലൊരു പേരന്റ് ആവാൻ പറ്റുമെന്ന് തോന്നുന്നില്ല എന്നൊരു തോന്നൽ വന്നു. അങ്ങനെ ഞാൻ വിചാരിച്ചു, കുറച്ചു കൂടെ പക്വതയുള്ള ഒരാളാവണം. എന്റെ മാതാപിതാക്കൾ എന്നെ വളർത്തിയത് ഏറ്റവും നല്ല രീതിയിൽ അല്ല എന്നുള്ള ഒരു തോന്നലുള്ള ഒരു കുട്ടിയായിരുന്നു ഞാൻ.
എന്നെ കുറെ കൂടി കെയർ ചെയ്യാമായിരുന്നു. ഞാൻ ഭയങ്കരമായി സ്വാതന്ത്ര്യത്തിനു വേണ്ടി യുദ്ധം ചെയ്ത കുട്ടിയാണ്. അപ്പോ അവൾ എല്ലാം തന്നെത്താൻ ചെയ്യുന്നുണ്ട്, എന്നാൽ ചെയ്തോട്ടെ എന്ന് വിചാരിച്ചു വിട്ടതാണു. പിന്നീട് എന്റെ പരാതി അവർ എന്നെ പിന്തുണച്ചില്ല, എന്നെ എല്ലാത്തിനും ഒറ്റയ്ക്ക് വിട്ടു എന്നായി.
നമ്മുടെ മനസിൽ ഈ ചിന്തകളൊക്കെ മാറിക്കൊണ്ടേ ഇരിക്കും. അങ്ങനെ ഞാൻ പേരന്റ് ആവേണ്ട എന്ന് തീരുമാനിച്ചു. പിന്നീട് വിചാരിച്ചു ഞാനിപ്പോ ഒരു കരിയർ പഴ്സൻ ആണ്. കരിയർ ഏറ്റെടുത്തു കഴിഞ്ഞാൽ ഒരു തീരുമാനം ഉണ്ട്, ഒരു കരിയർ ഏറ്റെടുക്കണോ ഒരു ഫാമിലി എടുക്കണോ എന്ന്. ഇതൊക്കെ എന്റെ പഴ്സനൽ ചിന്താഗതികളാണ്.
അപ്പോ അച്ഛനും അമ്മയും കരിയറിന്റെ പിന്നാലെ പോയാൽ അവരുടെ കുട്ടികളെ ആരും നോക്കും? കുട്ടികളുടെ കാര്യം വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനം തന്നെയാണ്. നമ്മുടെ സമൂഹത്തിൽ നല്ലൊരു തലമുറ വളർന്നുവരണം. ഓരോ തലമുറയും നന്നായി വരണമെങ്കിൽ ആ തലമുറയിലെ മാതാപിതാക്കൾ ശ്രദ്ധാപൂർവം തീരുമാനം എടുക്കണം.
അതോടൊപ്പം തന്നെ എനിക്ക് പറയാനുള്ളത് ഇപ്പോഴത്തെ തലമുറ വളരെ പക്വതയുള്ള ഒരു തലമുറയാണ്. അവര്‍ ഒരുപാട് കെയർ കിട്ടി വളർന്നിട്ടുള്ള തലമുറയാണ്. ഒരുപക്ഷേ എന്റെയൊക്കെ തലമുറ തല്ലുകൊണ്ട് വളർന്നവരാണ്. എന്തിനും ഏതിനും അടി കിട്ടും.
നിങ്ങളോട് ആരെങ്കിലും തെറ്റ് ചെയ്താലും നിങ്ങൾക്ക് അടി എന്നുള്ള ഒരു രീതിയായിരുന്നു. സ്കൂളിൽ അടി കൊള്ളുമായിരുന്നു, ചൂരലുകൊണ്ട് അടിക്കുക - അതൊന്നും ഇപ്പോ ഇല്ല. അപ്പോ ഒരുപാട് കെയറും ബഹുമാനവും കിട്ടി വളർന്നിട്ടുള്ള ഒരു തലമുറയാണ് ഇപ്പോഴത്തേത്. അത് ഒരുപക്ഷേ നല്ലതായിരിക്കാം.
നമുക്ക് ഓരോ തലമുറ കഴിയുമ്പോഴേ അറിയുള്ളൂ. പിന്നെ ഇപ്പോഴത്തെ തലമുറ 'തല തെറിച്ചതാണെന്ന്' പറയുന്ന ഒരു ‘തലക്കെട്ട്’ എല്ലാ തലമുറയും കേട്ടിട്ടുള്ളതാണ്. അപ്പോ അത് വെറുതെ ഒരു ക്ലീഷെ സ്റ്റേറ്റ്മെന്റ് ആണെന്നേ എനിക്ക് തോന്നിയിട്ടുള്ളൂ.’’ ലെന പറയുന്നു.
Movies
മാൻഡലിൻ, ബാൻജോ, ഗിറ്റാർ... ഒരുപോലെ സാമ്യങ്ങളും വ്യത്യാസങ്ങളുമുള്ള സംഗീതോപകരണങ്ങൾ. പിതാവിന്റെ വിരലുകൾ വിസ്മയപ്പൂക്കൾ വിടർത്തിയ മാൻഡലിനിൽ മൂന്നാം വയസിൽ തുടങ്ങി, ബാൻജോയിലൂടെ ഗിറ്റാറിലേക്കൊഴുകിയതാണ് എസ്.പി. വെങ്കിടേഷിന്റെ സംഗീതം.
ഇവയിൽ കൂടുതൽ ഗാംഭീര്യവും വൈവിധ്യവുമുള്ള സ്വരം പകരുന്നതു ഗിറ്റാറാണ്. എല്ലാത്തരം സംഗീതത്തിലും ഗിറ്റാർ ഇണങ്ങും; എല്ലാ ഭാവങ്ങളും വെങ്കിടേഷിന്റെ സംഗീതത്തിൽ ഇണങ്ങിയതുപോലെ. ഒരു ഗിറ്റാർ നെഞ്ചിൽച്ചേർന്നില്ലാത്ത എസ്.പി. വെങ്കിടേഷിന്റെ രൂപം സങ്കല്പിക്കുക പ്രയാസം. വീണയുടെയും സിത്താറിന്റെയും ശബ്ദങ്ങൾവരെ അദ്ദേഹം ഗിറ്റാറിൽ സൃഷ്ടിക്കുമായിരുന്നുവത്രേ.
എല്ലാം അരുൾ
ഈണങ്ങൾ മനസിൽ തെളിയിക്കുന്നതു കടവുളിന്റെ അരുൾ (ദൈവത്തിന്റെ വരം) ആണെന്നായിരുന്നു എക്കാലവും വെങ്കിടേഷിന്റെ പക്ഷം. അദ്ദേഹം കൈതൊട്ടതെല്ലാം മലയാളിയുടെ മനസുതൊട്ടു. ഒരിക്കൽ അദ്ദേഹം പറഞ്ഞു: “എന്റെ ട്യൂണുകൾ എല്ലാവർക്കും ഇഷ്ടപ്പെടുന്നു എന്നതു കടവുളിന്റെ അനുഗ്രഹം. സംവിധായകർ ഓരോ സന്ദർഭം പറയുന്പോഴും ഈണം മനസിൽ തെളിയും. ഇതെല്ലാം എങ്ങനെ വരുന്നു എന്നറിയില്ല. പ്ലാനുകൾ എല്ലാം കടവുളിന്റേതാണ്. ഞാൻ വെറും വർക്കർ മാത്രം!”
അദ്ദേഹം ഗിറ്റാറിൽ തൊട്ടുണർത്തിയ ചെറിയ സംഗീതശകലങ്ങൾ മനോഹരഗാനങ്ങളായ കഥകൾ, തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് പലവട്ടം ഓർമിച്ചിട്ടുണ്ട്. ‘തുടർക്കഥ’ എന്ന ചിത്രത്തിന്റെ കന്പോസിംഗ് കഴിഞ്ഞു മടങ്ങുന്ന വേളയിൽ മദ്രാസിലെ എവിഎം സ്റ്റുഡിയോയുടെ ഡൈനിംഗ് റൂമിലിരുന്ന് വെങ്കിടേഷ് ഒരു ശകലം വായിച്ചു. ഡെന്നിസിന്റെ ആഗ്രഹപ്രകാരമായിരുന്നു അത്. ഒരൊറ്റ കേൾവിയിൽ ആ ഗിറ്റാർനാദം അദ്ദേഹത്തിനിഷ്ടമായി. അതിനെയൊരു മുഴുനീള ഗാനമാക്കി സിനിമയിൽ ഉപയോഗിക്കണമെന്നു തീരുമാനിക്കുകയും ചെയ്തു.
തുടർക്കഥയിലെ മറ്റു പാട്ടുകളെഴുതിയത് ഒ.എൻ.വി. കുറുപ്പാണ്. അദ്ദേഹം വിമാനത്താവളത്തിലേക്കു പോകാനൊരുങ്ങിനിൽക്കുന്നു. വെങ്കിടേഷ് ഗിറ്റാറിൽ വായിച്ച ഈണം കേൾപ്പിച്ച് അതിനനുസരിച്ച് വരികൾ എഴുതണമെന്ന് ഒഎൻവിയോട് ആവശ്യപ്പെടുന്നതുതന്നെ ശ്രമകരമായ ദൗത്യമാണ്. നിന്ന നിൽപ്പിൽ ഈണം കേട്ട് കവി രണ്ടു വരികൾ പറഞ്ഞുകൊടുത്തു. ബാക്കി നാട്ടിലെത്തിയശേഷം ഫോണിൽ പറഞ്ഞുകൊടുക്കാമെന്നും ഉറപ്പുനൽകി. ആ പാട്ട് തുടർക്കഥയിൽ എം.ജി. ശ്രീകുമാറിന്റെയും ചിത്രയുടെയും ശബ്ദത്തിൽ ഇങ്ങനെ കേട്ടു: ‘മാണിക്യക്കുയിലേ നീ... കാണാത്ത കാടുണ്ടോ... കാണാത്ത കാട്ടിലേതോ നീലക്കടന്പുണ്ടോ...’
മറ്റൊരിക്കൽ ഡെന്നീസ് ജോസഫിനു വായിച്ചുകേൾപ്പിച്ച സംഗീതശകലത്തിൽനിന്നാണ് പാതിരാക്കിളി വരൂ പാൽക്കടൽക്കിളീ എന്ന പാട്ടുണ്ടായത്. കിഴക്കൻ പത്രോസ് എന്ന ചിത്രത്തിന്റെ പൂജാവേളയിലാണ് ഈ സംഭവം. ഒഎൻവിയുടെ സുന്ദരമായ വരികളും യേശുദാസിന്റെ ആലാപനവും ചേർന്നപ്പോൾ പാട്ട് അതിസുന്ദരം. പാട്ടിനു പറ്റിയ സന്ദർഭം സിനിമയിൽ ഇല്ലാതിരുന്നതിനാൽ ടൈറ്റിൽ സോംഗ് ആയി ഉൾപ്പെടുത്തുകയായിരുന്നു. ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായി ഇതു മാറിയതു ചരിത്രം. ഗിറ്റാർ ബിറ്റുകളായി ഈണങ്ങൾ വിരിഞ്ഞ വിസ്മയം!
ഭാഷകൾക്കപ്പുറം
ഇരുനൂറു ശതമാനം തമിഴനാണ് എസ്.പി. വെങ്കിടേഷെന്നു സ്നേഹപൂർവം വിശേഷിപ്പിച്ചത് ഗാനരചയിതാവ് ഷിബു ചക്രവർത്തിയാണ്. രാജാവിന്റെ മകനിലെ പാട്ടുകൾക്ക് ഈണമിടാനെത്തുന്പോൾ മലയാളത്തിന്റെ പശ്ചാത്തലം ഒട്ടുമില്ല വെങ്കിടേഷിന്. അദ്ദേഹത്തിന്റെ മീറ്ററൊപ്പിച്ച് വരികളെഴുതാൻ എളുപ്പമായിരുന്നില്ല. എന്നിട്ടും ആ പാട്ടുകൾ മലയാളി ആസ്വാദകരെ ത്രസിപ്പിച്ചു. ‘വിണ്ണിലെ ഗന്ധർവ വീണകളും’, ‘പാടാം ഞാനാ ഗാനവും’, ‘ദേവാംഗനയും’ ഏറ്റുപാടാത്തവർ ചുരുക്കം. മലയാളത്തിന് അങ്ങനെ പുതിയൊരു മ്യൂസിക് ഡയറക്ടറെ സമ്മാനം കിട്ടുകയായിരുന്നു.
ഇതേ മലയാളമറിയാത്തയാൾ വൈകാതെ മലയാളത്തിന്റെ സ്വന്തമായി. അദ്ദേഹം ചെയ്തുവയ്ക്കുന്ന മീറ്റർ ഗാനരചയിതാക്കൾക്ക് ഏറ്റവും എളുപ്പമുള്ളവയായി. തനി മലയാളിത്തമുള്ള ഒട്ടേറെ പാട്ടുകൾ പിറന്നു. വെങ്കിടേഷ് നൽകുന്ന ഈണം കാസറ്റിൽ പലയാവർത്തി കേൾക്കുന്പോഴേക്കും പാട്ടിന്റെ പല്ലവി തനിയെ വരുമെന്ന് ഓർമിച്ചിട്ടുണ്ട് ഗാനരചയിതാവ് ഐ.എസ്. കുണ്ടൂർ. അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലെ പുലരി പൂക്കളാൽ എന്ന പാട്ടാണ് വെങ്കിടേഷിന്റെ ഈണത്തിൽ ആദ്യമായി എഴുതിയത്. ഓടിനടന്നു പാട്ടുകൾ ചെയ്ത് ഏറ്റവും ഔന്നത്യത്തിൽ നിൽക്കുന്ന കാലമാണ് അന്നു വെങ്കിടേഷിന്റേത്. എന്നിട്ടും ഒരു പുതിയ ആളായ തന്നെ കവി എന്ന നിലയിൽ കണ്ട് വെങ്കിടേഷ് സ്വീകരിച്ചുവെന്ന് ഐ.എസ്. കുണ്ടൂർ പറയുന്നു. ഒട്ടേറെ നാടകങ്ങൾക്കും മേലേപ്പറന്പിൽ ആണ്‍വീട്, വാർധക്യപുരാണം, പുതുക്കോട്ടയിലെ പുതുമണവാളൻ തുടങ്ങിയ ചിത്രങ്ങൾക്കും പാട്ടെഴുതിയയാളാണ് അദ്ദേഹം.
മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ തെന്നിന്ത്യ വിട്ട് അതേ മനോഹാരിതയോടെ ബംഗാളിൽവരെ വെങ്കിടേഷിന്റെ ഈണങ്ങളെത്തി. പശ്ചാത്തലസംഗീതമായും പാട്ടുകളായും അവരുടെ ഹൃദയങ്ങളും തൊട്ടു. അപ്പോഴും മലയാളവും മലയാളികളും ഇവിടത്തെ സിനിമാ സൗഹൃദങ്ങളും അദ്ദേഹത്തിനു പ്രിയങ്കരമായിരുന്നു. തനിക്കു പേരും പുരസ്കാരങ്ങളും സമ്മാനിച്ചതു കേരളമാണെന്ന് അദ്ദേഹം എന്നും ഓർമിച്ചു. എപ്പോൾ വിളിച്ചാലും ഏതു ട്രെൻഡിനൊപ്പിച്ചും പാട്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. പുതിയ തലമുറ ഇഷ്ടപ്പെടുന്ന റിഥവും സൗണ്ടിംഗും തന്റെ കൈയിൽ തയാറാണെന്ന് ഒരിക്കലൊരു ടെലിവിഷൻ അഭിമുഖത്തിൽ വെങ്കിടേഷ് പറയുകയും ചെയ്തു.
മലയാളികളെ അദ്ദേഹം ഫേസ്ബുക്കിലൂടെയും ഫോണ്‍വിളികളിലൂടെയും കണ്ടുകൊണ്ടിരുന്നു. ഒരിക്കൽ പറഞ്ഞു: ഫേസ്ബുക്കിൽ മലയാളികൾ എന്നെക്കുറിച്ച് എഴുതുന്നതെല്ലാം ഇവിടെ മലയാളികളായ സഹപ്രവർത്തകർ കാണിച്ചുതരാറുണ്ട്. മലയാളത്തിൽ എത്രയോ നല്ല പുതിയ സംഗീതസംവിധായകർ വന്നു, എത്രയധികം പാട്ടുകൾ വന്നു. എന്നിട്ടും വർഷങ്ങൾക്കിപ്പുറം എസ്.പി. വെങ്കിടേഷിനെ മലയാളികൾ ഓർക്കുന്നു. അതാണ് ഏറ്റവും വലിയ സന്തോഷവും പുരസ്കാരവും. അതിനപ്പുറം ഒന്നുമില്ല...
ലഹരി പടർത്തിയ ‘ശാന്തമീരാത്രി’യും വാത്സല്യം തുളുന്പിയ ‘താമരക്കണ്ണനുറങ്ങേണ’വുമടക്കം പാട്ടുകളുടെ ഒരു ഭാവസാഗരം മലയാളികൾക്കുമുന്നിൽ വിശാലമായിക്കിടക്കുന്നു. അലകളും അലയുന്ന കാറ്റും ഈണമായി നമ്മെ തൊടുന്നു...
Movies
തിരുവനന്തപുരം വെഞ്ഞാറമൂട് നടന്ന കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജിയുമായി പ്രതി അഫാന്റെ പിതാവ്.
‘കാലം പറഞ്ഞ കഥ’ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുൻപ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹര്‍ജിയിലെ വാദം.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണയ്ക്ക് കാരണമാകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹര്‍ജിയിൽ ചൂണ്ടികാട്ടുന്നു.
സിനിമയുടെ പേരിൽ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണെന്നും വിചാരണ കഴിയുന്നതുവരെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയെഴുതി നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി ആറിനാണ് റിലീസ് ചെയ്യുന്നത്. നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന.
Movies
ക്രൈം ത്രില്ലർ ഗെയിം ചർച്ച ചെയ്യുന്ന വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് ജൂനിയേഴ്സ് ജേർണി എന്ന ചിത്രം. യുവതലമുറയുടെ വ്യത്യസ്തമായ ഈ ജീവിത കഥ പറയുന്ന ചിത്രം ഫെബ്രുവരി 13-ന് തിയറ്ററിലെത്തും.
ജെറ്റ് മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമിച്ച് ആൻസൻ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജൂനിയേഴ്സ് ജേണി എന്ന ചിത്രത്തിന്റെ സഹ നിർമാണം സലോമി ജോണി പുലി തൂക്കിൽ ആണ്.
ദേശീയ അവാർഡ് ജേതാവായ വിജയരാഘവൻ പ്രധാന കഥാപാത്രമായി എത്തുന്ന ജൂനിയേഴ്സ് ജേണിയിൽ അഡ്വ. ശ്രീധരൻ പിള്ള എന്ന ശക്തമായ കഥാപാത്രത്തെയാണ് വിജയരാഘവൻ അവതരിപ്പിക്കുന്നത്.
ലോഹിതദാസിന്റെ ശിക്ഷണത്തിലൂടെ കടന്നുവന്ന നവാഗതനായ സംവിധായകൻ ആൻസൻ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജൂനിയേഴ്സ് ജേർണിയിൽ മീനാക്ഷി ആദ്യമായി നായിക വേഷത്തിലെത്തുന്നു. ചിത്രത്തിൽ, നായക വേഷം അവതരിപ്പിക്കുന്നത് ശരത് ഗോപാൽ ആണ്.
അഡ്വക്കേറ്റ് ശ്രീധരൻ പിള്ളയുടെ നിർദേശപ്രകാരം മകരം തുരുത്ത് എന്ന ഗ്രാമത്തിലേക്ക് സിവിൽ സർവീസ് പഠനത്തിനായി എത്തുന്ന യുവാവിന്റെ ജീവിത കഥ പറയുകയാണ് ഈ ചിത്രം.
ലിസ് (മീനാക്ഷി) എന്ന പെൺകുട്ടിയുടെ വേഷമാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. അഡ്വക്കേറ്റ് ശ്രീധരൻ പിള്ളയായി വിജയ രാഘവൻ തിളങ്ങി. വിജയ രാഘവന്റെ ശക്തമായ കഥാപാത്രമായി മാറുകയാണ് അഡ്വക്കേറ്റ് ശ്രീധരൻ പിള്ള. മീനാക്ഷി, ശരത് ഗോപാൽ, സുധീർ കരമന,അരുൺ, സന്തോഷ് കീഴാറ്റൂർ, സുനിൽ സുഖദ, സൗമ്യ ഭാഗ്യംപിള്ള, ജയകൃഷ്ണൻ, ദിനേശ് പണിക്കർ, മേഘനാദൻ, സുനിൽ അരവിന്ദ്, ജീജാ സുരേന്ദ്രൻ, കോബ്രാ രാജേഷ്, വിജയൻ കാരന്തൂർ, ജോമോൻ ജോഷി, കണ്ണൻ പട്ടാമ്പി, ശാന്തകുമാരി, നീനാ കുറുപ്പ്, രശ്മി സജയൻ, ജയദേവ് കലവൂർ, ഐശ്വര്യ, വിനോഷ് ജോർജ്, ഗോപാലകൃഷ്ണ പിഷാരടി, തോമസ് ജോ പനക്കൽ, രാഹുൽ ആന്റണി, ഗീതിക ഗിരീഷ്, തേനി സുരേഷ്, ഖാദർ തിരൂർ, മാസ്റ്റർ അതുൽ സുരേഷ് ,ശ്രേയ പാർവതി, ലാൽകൃഷ്ണ തുടങ്ങിയവർ അഭിനയിക്കുന്നു.
ജറ്റ് മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമിക്കുന്ന ചിത്രം, ആൻസൻ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. സഹനിർമ്മാണം -സലോമി ജോണി പുലിതൂക്കിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വത്സലാകുമാരി ചാരുമ്മൂട്, ഛായാഗ്രഹണം- ഷിനോബ്.ടി. ചാക്കോ, എഡിറ്റർ- ജോൺ കുട്ടി, സംഗീതം -ബിമൽ പങ്കജ്, ഗാനരചന - ഫ്രാൻസിസ് ജിജോ, ആലാപനം - ഡോ. മധു മേനോൻ, ഡോ. ഇ.എ.അബ്ദുൾ ഗഫൂർ, ഷൈമ അപ്പു, പശ്ചാത്തല സംഗീതം -സായ് ബാലൻ, വി.എഫ്. എക്സ്-ശ്രീനാഥ് 91 Network, ചമയം -ദേവദാസ്, ആർട്ട് -ഡാനി മുസിരിസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സച്ചി ഉണ്ണികൃഷ്ണൻ, സ്ക്രിപ്റ്റ് അസിസ്റ്റന്റ്- ഷാബിൻ ഷാ, ട്രെയിലർ - മോഷൻ എഡിറ്റർ- ഡ്രാഗൺ ജിറോഷ്, ഗായത്രി വിജയ്, സബ്ടൈറ്റിൽ -രാജേഷ് ജന, പ്രൊഡക്ഷൻ കൺട്രോളർ- സജിത് തിക്കൊടി, പ്രൊഡക്ഷൻ മാനേജർ -എബിൻ രാജ് അമ്പഴത്തിൽ, ഡിസൈൻ- പ്രശാന്ത് ഐ ഐഡിയ, സംഘട്ടനം - ബ്രൂസ്ലി രാജേഷ്, വസ്ത്രാലങ്കാരം- ടെൽമ ആൻറണി, കൃഷ്ണകുമാർ, വിതരണം - നന്ത്യാട്ട് ഫിലിംസ്, പി.ആർ.ഒ - അയ്മനം സാജൻ
Movies
വിനോദയാത്ര എന്ന ചിത്രത്തിലേയ്ക്ക് മീര ജാസ്മിനെ എത്തിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രത്തിലേയ്ക്ക് ആദ്യം കരുതിയിരുന്നത് പുതുമുഖങ്ങളെയായിരുന്നുവെന്നും അവരെ വച്ച് ഷൂട്ട് തുടങ്ങിക്കഴിഞ്ഞാണ് അത് ശരിയാകുന്നില്ലെന്ന് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് അന്ന് ഒട്ടും ഡേറ്റ് ഇല്ലാതിരുന്ന മീര ജാസ്മിനെ നേരിട്ട് വിളിച്ച് എങ്ങനെയെങ്കിലും വന്ന് രക്ഷപ്പെടുത്തണമെന്ന് പറയുകയായിരുന്നുവെന്നും സത്യ അന്തിക്കാട് പറഞ്ഞു.
കലാസംഘം ഫിലിംസിന്റെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സത്യന് അന്തിക്കാട് മനസ് തുറന്നത്.
''അത് വലിയ അതിശയകരമായ സംഗതിയാണ്. ഞാന്‍ ആദ്യം ചിന്തിച്ചത് ദിലീപിനെ കേന്ദ്രീകരിച്ചൊരു സിനിമയാണ്. നായികയായി പുതിയ പെണ്‍കുട്ടി ചെയ്യട്ടെ എന്നായിരുന്നു. അനുപമയാകാന്‍ പുതിയ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കുറേ നടത്തി.
ഒന്ന് രണ്ട് കുട്ടികളെ ഓഡിഷന് ചെയ്തു നോക്കി. ഇതിനിടെ ഷൂട്ടിംഗ് തുടങ്ങുകയും ചെയ്തു. കൊണ്ടു വന്ന പുതുമുഖങ്ങള്‍ക്കൊന്നും മറ്റുള്ളവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകുന്നില്ല.
ആ സമയത്ത് മീര ജാസ്മിന് ഡേറ്റേയില്ല. ഏതൊക്കയോ തമിഴ് സിനിമകള്‍ ചെയ്യുകയാണ്. എനിക്ക് മീര ജാസ്മിനുമായി വളരെ അടുത്ത ബന്ധമുണ്ട്. രസതന്ത്രവും അച്ചുവിന്റെ അമ്മയുമൊക്കെ ചെയ്ത ബന്ധമുണ്ട്. ഞാന്‍ നേരെ മീരയെ വിളിച്ചു. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു. മീര ഏതോ തമിഴ് സിനിമയുടെ ഷൂട്ടിലാണ്. ഷൂട്ടിംഗ് തുടങ്ങി, മീര എങ്ങനെയെങ്കിലും വന്നേ പറ്റൂവെന്ന് ഞാന്‍ പറഞ്ഞു.
അങ്ങനെ മീര വന്നു. നമ്മളോടുള്ള സ്നേഹം കൊണ്ടാണത്. ഗോളാന്തര വാര്‍ത്തകളുടെ സമയത്ത് ഇതുപോലെ ശോഭനയും വന്നിട്ടുണ്ട്. ഒരു പുതുമുഖത്തിന് താങ്ങില്ല. കുറച്ച് ഭാരമുള്ള വേഷമാണ് അനുപമയുടേത്.
പക്ഷെ മീര വന്നതോടെ അത് ഭയങ്കരമായ കോമ്പിനേഷനായി മാറി. ചില സിനിമകള്‍ അങ്ങനെയാണ്. ആരൊക്കെ എങ്ങനൊക്കെ എത്തുമെന്ന് വിധിക്കപ്പെട്ടിട്ടുണ്ട്.
കൊണ്ടു വന്നുവെന്ന് പറയുന്നതിനേക്കാള്‍ അവരുടെ ആദ്യ സിനിമ എന്റേതായി എന്ന് പറയാന്‍ പറ്റുവെന്നതിലാണ് സന്തോഷം. ഞാനല്ലെങ്കില്‍ വേറൊരു സംവിധായകനിലൂടെ നയന്‍താരയും സംയുക്ത വര്‍മയും അസിനുമൊക്കെ വരുമായിരുന്നു.
ആ സമയത്ത് എന്റെ സിനിമയ്ക്ക് പറ്റുന്ന രീതിയില്‍ ഉപയോഗപ്പെടുത്തിയെന്ന് മാത്രം. അത് മാത്രമാണ് എന്റെ കോണ്ട്രിബ്യൂഷന്. അവരുടെ കഴിവാണ് അവരെ താരങ്ങളാക്കിയത്. ഞാന്‍ ആരേയും ഉയര്‍ത്തി കൊണ്ടു വന്നുവെന്ന അവകാശവാദമില്ല.
പക്ഷെ സ്വകാര്യ സന്തോഷമുണ്ട്. എന്റെ ഭാഗ്യമായിട്ടാണ് കരുതുന്നത്. അവര്‍ താരങ്ങളാകാന്‍ ജനിച്ചവരാണ്. വിധി എന്നെ തെരഞ്ഞെടുത്തുവെന്ന് മാത്രം'' സത്യന് അന്തിക്കാട് പറയുന്നു.
Movies
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത് ഇന്ദ്രൻസ് നായകനായി എത്തുന്ന ആശാൻ ആഗോള റിലീസായി ഫെബ്രുവരി അഞ്ചിന് തിയറ്ററുകളിലെത്തും.
ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്.
നാല്പതിലധികം വർഷങ്ങളിലായി 550 ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഇന്ദ്രൻസ് ആദ്യമായി ഒരു കൊമേർഷ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് ആശാന്റെ ഏറ്റവും വലിയ പ്രത്യേകത.
ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. കുഞ്ഞിക്കവിൾ മേഘമേ എന്ന ഗാനം ഇതിനകം യൂട്യൂബിൽ കണ്ടത് 20 ലക്ഷത്തോളം പേരാണ്.
ഇന്ദ്രൻസ് എന്ന നടന്റെ മറ്റൊരു ഗംഭീര പ്രകടനത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേമികളും ആരാധകരും.
ഗപ്പി, അമ്പിളി എന്നിവയ്ക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർക്കൊപ്പം നൂറിൽപ്പരം പുതുമുഖങ്ങളും ആശാനിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എം.ആർ. രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിംഗ്: അഭിലാഷ് ചാക്കോ, ഓവർസീസ് പാർട്ണർ - ഫാർസ് ഫിലിംസ്, പിആർഒ ശബരി.
Movies
വിവാഹശേഷം പേരിലെ സുധി മാറ്റുമെന്നും തട്ടമിടാൻ സാധ്യത 90 ശതമാനം ഉണ്ടാകുമെന്നും വെളിപ്പെടുത്തി രേണു സുധി. രേണു ഉടനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
മറ്റൊരാൾ വിവാഹം കഴിച്ചാൽ മാത്രമേ പേരിനൊപ്പമുള്ള സുധി എന്നത് മാറ്റുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.
‘‘മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. അസാധ്യ കലാകാരനും നല്ലൊരു ഭർത്താവും ആയിരുന്നു അദ്ദേഹം.
സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ ആയാൽ ഞാൻ സുധി ചേട്ടന്റെ പേര് എന്റെ പേരിൽ നിന്ന് മാറ്റും. എന്റെ കഴുത്തിൽ മറ്റൊരാൾ താലിയോ മിന്നോ അല്ലെങ്കിൽ മെഹറോ ചാർത്തിയാൽ ഞാൻ പേര് മാറ്റും. അത് വരെ ആരൊക്കെ തലകുത്തി നിന്നാലും രേണു സുധി ആ പേര് മാറ്റില്ല എന്നും രേണു പറഞ്ഞു.
തട്ടമിട്ട രേണുവിനെ കാണാൻ സാധ്യതയുണ്ടെന്ന് പറഞ്ഞല്ലോ എന്ന് മറ്റൊരു ചടങ്ങിൽ ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ചപ്പോൾ ‘ചിലപ്പോൾ കാണാനായേക്കും, 85 ശതമാനം, അല്ലെങ്കിൽ 90 ശതമാനം സാധ്യതയുണ്ട്’ എന്നാണ് രേണു സുധി മറുപടി നൽകിയത്.
Movies
32 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കാനൊരുങ്ങി മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു രാവിലെ നടക്കും. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിക്കുമെന്നാണ് സൂചനകൾ. തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴിയെ ആസ്പദമാക്കിയാണ് സിനിമയെന്നാണ് റിപ്പോർട്ട്.
‘മതിലുകള്‍’, ‘അനന്തരം’, ‘വിധേയൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണിത്. ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ നായിക.
1950കളിലെ കുട്ടനാട്ടിലെ കർഷകരുടെ ജീവിതം പറഞ്ഞ നോവലാണ് രണ്ടിടങ്ങഴി. 1958ൽ ഇതിനെ ആസ്പദമാക്കി നോവൽ ഇറങ്ങിയിരുന്നു. ‘രണ്ടിടങ്ങഴി’യാണ് സിനിമയാകുന്നതെങ്കിൽ ഇത് നോവലിനെ പശ്ചാത്തലമാക്കിയുള്ള രണ്ടാമത്തെ സിനിമയാണ്.
1994ൽ ഇറങ്ങിയ വിധേയന് ശേഷം 31 വർഷങ്ങൾക്കിപ്പുറമാണ് മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒരുമിച്ച് സിനിമ ചെയ്യുന്നത്. വിധേയനിലെ ഭാസ്കര പട്ടേലരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
മതിലുകളിലെ അഭിനയത്തിനായിരുന്നു മമ്മൂട്ടിക്ക് ആദ്യ ദേശീയ അവാർഡും അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള അവാർഡും ലഭിച്ചത്. 2016 ൽ പുറത്തിറങ്ങിയ ‘പിന്നെയും’ ആണ് അടൂരിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ.
Movies
വിഷ്വൽ മീഡിയ രംഗത്ത് ഏറെക്കാലം പ്രവർത്തിക്കുകയും നാദബ്രഹ്മം, സൂര്യഗീതം, പച്ചക്കിളി (തമിഴ്) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ബിജുലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മത്തി. ഡിസംബർ 28ന് കൊച്ചിയിൽ ചിത്രത്തിന് തുടക്കം കുറിച്ചു.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ നിർമാതാവ് ശശി അയ്യഞ്ചിറ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ചെമ്പിൽ അശോകൻ, നിർമാതാവ് സന്തോഷ് പവിത്രം, തിരക്കഥാകൃത്ത് ഷിജു നമ്പത്ത് എന്നിവർ ആശംസകൾ നേർന്നു.
റോഡ് മൂവി ഗണത്തിലുള്ള ചിത്രം പാൻ ഇന്ത്യൻ സിനിമയായിട്ടാണ് അണിയിച്ചൊരുക്കുന്നത്. ടെലി മീഡിയ വിഷന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. മത്തി എന്ന ടൈറ്റിലിന്റെ പിന്നിലും ചില കൗതുകങ്ങൾ അടങ്ങിയുട്ടുണ്ടന്ന് സംവിധായകസ വ്യക്തമാക്കി.
പരസ്പരം തിരിച്ചറിയാത്ത നാല് ചെറുപ്പക്കാരും അവരുടെ കാമുകിമാരും ചേർന്ന് നടത്തുന്ന ഒരു യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മുൻ പരിചയങ്ങളില്ലാത്ത വ്യത്യസ്ഥ സ്വഭാവങ്ങളുള്ള നാലുപേർ. അവരുടെ യാത്രയിൽ അരങ്ങേറുന്ന സംഭവങ്ങൾ തികച്ചും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകിയാണ് ചിത്രത്തിന്റെ അവതരണം. അഞ്ചു ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ബാലതാരമായി വന്ന് പ്രതിഭ തെളിയിച്ച ആകാശ് ലാൽ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ നിന്നുള്ള നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.
150 ഓളം പുതുമുഖങ്ങളാണ് വ്യത്യസ്ഥ ഭാഷകളിൽ നിന്നായി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചെമ്പിൽ അശോകൻ സാലു കൂറ്റനാട്, ജീവ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
പ്രശസ്ത നിർമാതാവ് ഹാവ് സന്തോഷ് ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ - ഷിജു നമ്പ്യത്ത്, ഗാനങ്ങൾ - ഷമീർ സിംഗ്, ഭാഗ്യരാജ് പറളി. സംഗീതം - നീർവെയിൽ സിംഗ്, ഭാഗ്യരാജ് പറളി, ഛായാഗ്രഹണം - ഷംനാദ്, സന്തോഷ് അഞ്ചൽ, സ്റ്റിൽസ് - ശങ്കർ, കോറിയോഗ്രാഫി ഇർഫാൻ ഖാൻ, ലൈൻ പ്രൊഡ്യൂസർ - അനിൽ മാത്യു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അനിൽ ചാലക്കുടി.
തമിഴ്നാട്, കർണാടക, ഗോവ, മുംബൈ, ദുബായി എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കും. പിആർഒ - വാഴൂർ ജോസ്.
Movies
"നാന ചലച്ചിത്ര വാരികയുടെ മദ്രാസിലെ പ്രതിനിധി ആയി ചുമതലയേൽക്കാൻ കൊല്ലത്ത്നിന്നു മദ്രാസ് മെയിലിൽ ഞാൻ പുറപ്പെടുന്നത് റിസർവേഷൻ പോലും ഇല്ലാതെയാണ്. വൻ തിരക്കായിരുന്നു അന്ന് ട്രെയിനിൽ. ട്രെയിനിലെ ടോയ്ലറ്റിന് പുറത്തുള്ള ഇടുങ്ങിയ സ്ഥലത്ത് ദിനപത്രം നിവർത്തിക്കിടന്നാണ് രാത്രി ഉറങ്ങിയത്.
യാത്രക്കാർ ടോയ്ലറ്റിലേക്ക് വരുമ്പോഴെല്ലാം പാതി ഉറക്കത്തിൽ എഴുന്നേറ്റ് മാറി നിൽക്കണം. എന്റെ അച്ഛൻ അന്ന് റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററാണ്. എങ്കിലും അച്ഛനോട് മദ്രാസിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തു തരാൻ ഞാൻ പറഞ്ഞില്ല. അന്നത്തെ കാലത്ത് മക്കളുടെ യാത്രാസൗകര്യത്തെ കുറിച്ചൊന്നും രക്ഷിതാക്കൾ വലിയ കാര്യമായി ചിന്തിച്ചിരുന്നുമില്ല. വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചാണ് എന്റെ ആദ്യ യാത്ര. എന്റെ കൈയിൽ അന്നുണ്ടായിരുന്ന ബ്രീഫ് കേസിൽ പക്ഷേ എന്റെ സിനിമാ മോഹങ്ങൾ ഉണ്ടായിരുന്നു...
നിറഞ്ഞ ആത്മവിശ്വാസവും. വാരികയുടെ ചെറിയ വരുമാനത്തിനുള്ളിൽ നിന്നുകൊണ്ട് മദ്രാസിൽ പത്രപ്രവർത്തന ജീവിതം ആരംഭിച്ചതും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ്. ''
പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ രാഷ്ട്രദീപികയോട് സംസാരിക്കുകയായിരുന്നു. സംവിധായകനായും നടനായും നിർമ്മാതാവായും തിരക്കഥാകൃത്തായും വിതരണക്കാരനായും ചലച്ചിത്രലോകം അടക്കിവാണ ബാലചന്ദ്രമേനോന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ഈ വാക്കുകൾക്ക് വളരെ പ്രസക്തിയുണ്ട്. അടങ്ങാത്ത അഭിലാഷങ്ങളുടെ, വിജയത്തിന്റെ സുവർണ്ണ സ്പന്ദനങ്ങൾ ഉണ്ട്.
സിനിമയായിരുന്നു എല്ലാ കാലത്തും ബാലചന്ദ്രമേനോന്റെ സ്വപ്നവും മോഹവും എല്ലാമെല്ലാം. അച്ഛൻ ശിവശങ്കര പ്പിള്ളയ്ക്ക് പക്ഷേ മകൻ സിനിമാക്കാരനാവുന്നതിനോട് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് എത്തുവാൻ പത്രപ്രവർത്തനം തെരഞ്ഞെടുക്കുവാൻ ഉപദേശിക്കുന്നത് പ്രശസ്ത കവിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ബാലചന്ദ്രമേനോന്റെ അധ്യാപകനുമായ പ്രഫ. ഒ.എൻ. വി. കുറുപ്പാണ്.
തിരുവനന്തപുരത്തെ പ്രസ് ക്ലബ്ബിൽ നിന്നും ബാലചന്ദ്രമേനോൻ പത്രപ്രവർത്തന കോഴ്സ് വിജയിക്കുന്നത് ഒന്നാം റാങ്കോടെയാണ്. ഹിന്ദുസ്ഥാൻ ടൈംസിൽ പത്രപ്രവർത്തകനായി ജോലി ലഭിച്ചു എങ്കിലും സിനിമയോടുള്ള അഭിനിവേശം കൊണ്ടു തന്നെ ഉന്നതമായ ആ ഉദ്യോഗം സ്വീകരിച്ചില്ല. പകരം ചലച്ചിത്ര വാരികയുടെ പ്രതിനിധി ആവാൻ മദ്രാസിലേക്ക് തീവണ്ടി കയറുകയും ചെയ്തു.
ബാലചന്ദ്രമേനോന്റെ സിനിമ-പത്രപ്രവർത്തക ജീവിതം ഒരു ചലച്ചിത്ര കഥ പോലെ രസമുള്ളതാണ്, ആഴമുള്ളതാണ്. മേനോൻ പറയുന്നതുപോലെ താൻ സിനിമ പഠിച്ചത് കോടമ്പാക്കത്തിലൂടെയുള്ള തീരാത്ത ഈ നടപ്പിലൂടെയാണ്, അലച്ചിലിലൂടെയാണ്.
പിൽക്കാലത്ത് ഗാന രചനാരംഗത്ത് പ്രശസ്തനായ ഭരണിക്കാവ് ശിവകുമാറും മറ്റു മൂന്നുപേരും താമസിച്ചിരുന്ന ചെറിയ വാടക മുറിയിലേക്ക് ബാലചന്ദ്രമേനോനും ഒരിടം കിട്ടി. വാടക മുറിയിലെ ജീവിതത്തിന്റെ കഥ മേനോൻ സ്റ്റൈലിൽ കേട്ടാലേ പൂർണ്ണമാകൂ ! രാവിലെ പ്രാതൽ കഴിക്കണ്ടേ എന്ന് പുതിയ പത്രപ്രവർത്തകൻ ചോദിക്കുമ്പോൾ നമ്മൾ എഴുന്നേറ്റപ്പോൾ തന്നെ മണി പത്തായില്ലേ, ഇനിയിപ്പോ ലഞ്ചിനുള്ള സമയമല്ലേ എന്നുള്ള മറുപടി ഭരണിക്കാവിൽ നിന്ന് ലഭിക്കും.
അക്കാലത്ത് സിനിമയിൽ അവസരം ലഭിക്കുവാൻ എത്തുന്ന പല പ്രതിഭകളും ഇത്തരത്തിൽ യാതനകൾ സഹിച്ചാണ് ജീവിച്ചത് എന്ന് ബാലചന്ദ്രമേനോൻ പറയാറുണ്ട്. ഏതാണ്ട് സമാനമായ അവസ്ഥയിൽ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയെ ബാലചന്ദ്രമേനോൻ അക്കാലത്ത് കണ്ടിട്ടുണ്ട്. "കപ്പലണ്ടിയിൽ നല്ല വിറ്റാമിൻ ഉണ്ടല്ലോ പിന്നെ എന്തിനാണ് ചോറ് കഴിക്കുന്നത്' എന്ന് പറഞ്ഞ് റോഡിലൂടെ കപ്പലണ്ടി കൊറിച്ചുകൊണ്ട് നടക്കുന്ന ബിച്ചു തിരുമലയുടെ ചിത്രം ബാലചന്ദ്രമേനോൻ പങ്കിടാറുണ്ട്. പുതിയ സിനിമാ തലമുറയ്ക്കു ഒരു ഓർമപ്പെടുത്തലായി...
ഏതായാലും "സുന്ദരമായ' ഈ പട്ടിണി ദിനങ്ങളിൽനിന്നു രക്ഷപ്പെട്ട ബാലചന്ദ്രമേനോൻ ചേക്കേറിയത് അന്ന് തിക്കുറിശി താമസിച്ചിരുന്ന ആണ്ടവർ കോവിൽ തെരുവിലെ വീടിന്റെ മുകൾ നിലയിലെ മുറിയിലാണ്. 75 രൂപ വാടകയ്ക്ക് ലഭിച്ച ഒരു കുടുസ് മുറി.
മുടി മേലെ കെട്ടിവെച്ച, ചേല വാരിചുറ്റിയ, എപ്പോഴും വെറ്റില മുറുക്കി കൊണ്ടിരിക്കുന്ന ഒരു സ്ത്രീയായിരുന്നു വീട്ടുടമ. കണ്ടതും കേട്ടതും എന്ന സിനിമയിൽ നടി മീന അവതരിപ്പിച്ച ഹൃദയശൂന്യയായ വീട്ടുടമ കഥാപാത്രത്തെ ഓർക്കുന്നില്ലേ... മീന അതിമനോഹരമാക്കിയ ആ കഥാപാത്രത്തെ ബാലചന്ദ്രമേനോൻ കണ്ടെടുത്തത് തന്റെ വീട്ടുടമയിൽ നിന്ന് തന്നെ.
ബാലചന്ദ്രമേനോൻ പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത് അന്നത്തെ ഏറ്റവും തിരക്കേറിയ നായികയായ റാണി ചന്ദ്രയെ ഇന്റർവ്യൂ ചെയ്തു കൊണ്ടാണ്. തിരക്കേറിയ നായിക നടിയുടെ പരിവേഷങ്ങൾ ഒന്നുമില്ലാതെ വളരെ സ്നേഹത്തോടെയായിരുന്നു റാണി ചന്ദ്രയുടെ പെരുമാറ്റം. ആദ്യമായി റാണി ചന്ദ്രയെ കാണുമ്പോൾ നായിക നടിക്ക് ഒപ്പമുണ്ടായിരുന്ന വളരെ മെലിഞ്ഞ യുവ സംവിധായകനെ പത്രപ്രവർത്തകന് പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ അഭിമുഖം വാരികയിൽ കൊടുക്കണം എന്ന് പറയുകയും ചെയ്തിരുന്നു. ആ സംവിധായകൻ ആരാണെന്നല്ലേ. മലയാള ചലച്ചിത്രലോകം പിന്നീട് അക്ഷരാർത്ഥത്തിൽ കീഴടക്കിയ ഐ.വി ശശി തന്നെ!
മലയാളത്തിന്റെ സുന്ദരനായ വില്ലൻ കെ പി ഉമ്മറുമായും നല്ല ആത്മബന്ധം ഉണ്ടായിരുന്നു ബാലചന്ദ്രമേനോന്. ഉമ്മുക്കാ എന്ന് ഏറെ സ്നേഹത്തോടെ കെ. പി. ഉമ്മറിനെ സംബോധന ചെയ്യുന്ന ബാലചന്ദ്രമേനോനെയും പ്രേക്ഷകർക്കറിയാം.
എന്നാൽ തുടക്കം നമ്മൾ കരുതുന്നത് പോലെ അത്ര സുഖകരമായിരുന്നില്ല. പത്രപ്രവർത്തകനും സിനിമയിലെ വില്ലനും ആദ്യ സമാഗമത്തിൽ തന്നെ ഏറ്റുമുട്ടി എന്നുള്ളതാണ് സത്യം. പ്രേംനസീറും കെ.പി. ഉമ്മറും അടൂർ ഭാസിയും അഭിനയിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്ന സ്റ്റുഡിയോയിൽ വച്ചായിരുന്നു ഈ കൊമ്പ് കോർക്കൽ.
വെയിലത്ത് വിയർത്ത് തളർന്നു അഭിമുഖത്തിനായി എത്തിയിരിക്കുന്ന നിങ്ങളുടെ അവസ്ഥ വളരെ ദയനീയം ആണല്ലോ എന്നും സിനിമാ വാരികയുടെ ഉടമയോട് ഒരു സൈക്കിൾ വാങ്ങി തരാൻ പറയാം എന്നുമുള്ള കെ.പി. ഉമ്മറിന്റെ കമന്റ് യുവപത്ര പ്രവർത്തകനെ വല്ലാതെ ചൊടിപ്പിച്ചു. സിനിമയ്ക്കുള്ളിലും പുറത്തും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ട് മുന്നേറുന്ന ബാലചന്ദ്രമേനോൻ അര നിമിഷം വൈകാതെ തിരിച്ചടിച്ചു...
കോടമ്പാക്കത്തിലൂടെ ഞാൻ നടന്നതു കൊണ്ടോ, ക്ഷീണിച്ചത് കൊണ്ടോ മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാനില്ല. എന്റെ തലയ്ക്കുള്ളിൽ ഉള്ള സാധനം കൊണ്ടാണ് ഞാൻ ജീവിക്കുന്നത്. എന്നാൽ നിങ്ങൾ മുഖത്തെ മാംസം സൂക്ഷിക്കണം.
സിനിമാ പ്രവർത്തകർ ഇടപെട്ടാണ് അന്ന് വലിയൊരു സംഘർഷം ഒഴിവാക്കിയത്. എങ്കിലും പ്രശ്നങ്ങൾ ഇവിടെ തീർന്നില്ല.. കെ.പി ഉമ്മറനെതിരേ സംവിധായകൻ ഡോ. ബാലകൃഷ്ണൻ അയച്ച കോടതി നോട്ടീസിന്റെ വാർത്ത വാരികയിൽ അച്ചടിച്ച് ഉമ്മറിനോടുള്ള 'പ്രതികാരം' ബാലചന്ദ്രമേനോൻ തീർത്തു. എന്നാൽ പത്രപ്രവർത്തകനെ ആകെ ഞെട്ടിച്ചു കൊണ്ട് 'വാർത്ത നന്നായി 'എന്ന് പറഞ്ഞ് കെ. പി ഉമ്മർ ബാലചന്ദ്രമേനോനെ അഭിനന്ദിക്കുകയായിരുന്നു...ആ നിമിഷം മുതൽ ഉമ്മുക്കയുമായി തുടങ്ങിയ സൗഹൃദം അദ്ദേഹത്തിന്റെ അവസാന കാലം വരെ നീണ്ടു നിന്നു.
1975 ൽ എവിഎം സ്റ്റുഡിയോയിൽ വച്ചാണ് നിത്യഹരിത നായകൻ പ്രേംനസീറുമായി അഭിമുഖം നടത്തിയത്. യുവപത്ര പ്രവർത്തകന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി അന്ന് പ്രേംനസീർ ചോദിച്ചിരുന്നു. "സത്യത്തിൽ എന്താണ് നിങ്ങളുടെ ഉദ്ദേശ്യം" പത്രപ്രവർത്തനത്തിന്റെ പുതിയ മേഖലകളിലേക്ക് കടക്കണം എന്ന് ബാലചന്ദ്രമേനോൻ മറുപടി പറഞ്ഞു.. വർഷങ്ങൾ ഏറെ കഴിഞ്ഞു.
ബാലചന്ദ്രമേനോൻ ചലച്ചിത്ര സംവിധായകനായും നടനായും മാറി. മലയാള സിനിമയുടെ പുതിയ ട്രെൻഡ് സെറ്ററായി മാറിയ മേനോനെ പ്രേംനസീർ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. പ്രേംനസീർ ഉണ്ണിത്താനായി അഭിനയിച്ച കാര്യം നിസാരം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയം. തിയറ്ററിൽ നൂറ് ദിവസം നിറഞ്ഞ കാര്യം നിസാരത്തിന്റെ ചിത്രീകരണത്തിനിടയിൽ പ്രേംനസീർ തന്റെ സംവിധായകനെ പതുക്കെ അടുത്തേക്ക് വിളിച്ചു. "മിസ്റ്റർ മേനോൻ, വർഷങ്ങൾക്ക് മുൻപ് എന്റെ അഭിമുഖം എടുക്കുവാനായി എവിഎം സ്റ്റുഡിയോയിൽ വന്ന സംഭവം ഓർമ്മയുണ്ടോ?" ബാലചന്ദ്രമേനോൻ പുഞ്ചിരിയോടെ ഓർമ്മയുണ്ട് നസീർ സാർ എന്നു പറഞ്ഞു. അപ്പോൾ സ്വതസിദ്ധമായ ശൈലിയിൽ പ്രേംനസീർ പറഞ്ഞു.
"അന്ന് എത്ര വട്ടം ഞാൻ ചോദിച്ചതാണ്. എന്താണ് നിങ്ങളുടെ ശരിയായ ഉദ്ദേശ്യം എന്ന്. ഇപ്പോൾ മേനോൻ മലയാളത്തിന്റെ പ്രശസ്തരായ സംവിധായകരിൽ ഒരാളായില്ലേ. എങ്ങനെയുണ്ട് എന്റെ റീഡിംഗ്? തന്റെ മനസിലെ സിനിമാ മോഹം തന്ത്രത്തിൽ മൂടി വച്ച് പത്രപ്രവർത്തകന്റെ സർവഭാവങ്ങളും മുഖത്തും വാക്കുകളിലും എടുത്ത് നിറച്ച് താൻ അഭിമുഖം നടത്തുമ്പോഴും നസീർ സാർ തന്റെ ഉള്ളിലേക്ക് കടന്ന്, സത്യം കണ്ടെടുത്തിരുന്നല്ലോ എന്നത് ബാലചന്ദ്രമേനോനെ ഇന്നും അതിശയിപ്പിക്കുന്ന ഒന്നാണ്.
Movies
എല്ലാവരിലുമുണ്ടാവും മറ്റാരുമറിയാത്ത ഒരുപിടി രഹസ്യങ്ങള്‍. അവസാന നിമിഷം വരെയും ആര്‍ക്കും പിടികൊടുക്കാതെ വഴുതി നീങ്ങാനാവും ഒരോരുത്തരുടെയും ശ്രമം. പക്ഷേ, മറ്റുള്ളവരുടെ രഹസ്യങ്ങളും നിഗൂഢതകളുമറിയാനുള്ള മോഹം ഒടുങ്ങുകയുമില്ല.
നമ്മുടെ ഈ വിചിത്രസ്വഭാവം തന്നെയാണു ത്രില്ലര്‍ സിനിമകളുടെ വിജയരഹസ്യം. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ അനുഭവങ്ങളിലൊന്നു തിയറ്ററുകളില്‍ കത്തിപ്പടരുകയാണ്. ഈ അടുത്തകാലത്തൊന്നും അത്രമേല്‍ സംതൃപ്തിയോടെ പ്രേക്ഷകര്‍ തിയറ്റര്‍ വിട്ട് ഇറങ്ങിയിട്ടുണ്ടാവില്ല.
പറഞ്ഞുവരുന്നതു ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേഷ് ടീമിന്റെ പുത്തൻപടം എക്കോ എന്ന ത്രില്ലിംഗ് പീക്കിനെക്കുറിച്ചു തന്നെ. നെഗറ്റീവില്ലാതെ, ലാഗില്ലാതെ പ്രേക്ഷക മനസുകളിൽ ഫ്രഷ്നെസിന്റെ സംതൃപ്തി നിറയ്ക്കു യാണ് എംആർകെ ജയറാം നിർമിച്ച മിസ്റ്ററി ഡ്രാമ ത്രില്ലർ എക്കോ.
ശീതക്കാറ്റു വീശിയടിക്കുന്ന മലമുകളിലെ കരിങ്കല്‍ വീട്ടില്‍ കുര്യച്ചനെ കാത്തിരിക്കുന്ന അയാളുടെ മലേഷ്യന്‍ ഭാര്യ മ്ലാത്തിച്ചേടത്തി. അവരെ പരിചരിക്കാന്‍ ഒപ്പം തങ്ങുന്ന പിയൂസെന്ന പയ്യന്. മലമുകളിലേക്കുള്ള ജീപ്പിന്റെ ഡ്രൈവര്‍ അപ്പൂട്ടി.
Movies
മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള് നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.
അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ഭാസ്കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്കരന് മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്റെ ശിഷ്യന് ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ നാള്വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.
ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.
Movies
നാലുവയസുള്ള മകൻ ലൂക്കാ പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നടി മിയ ജോർജ്. യു ആർ മൈ പംകിൻ പംകിൻ എന്ന ഗാനത്തോടൊപ്പമാണ് മിയ ചിത്രങ്ങൾ പങ്കുവച്ചത്.
ഇത്ര മനോഹരമായി ഫോട്ടോകൾ എടുക്കാൻ കൊച്ചു ലൂക്കായ്ക്ക് എങ്ങനെ സാധിച്ചുവെന്നാണ് കമന്റുകൾ. ഏതായാലും ഫോട്ടോഗ്രാഫർക്ക് വൻ കൈയടിയാണ് ലഭിക്കുന്നത്.
2021 ലെ കോവിഡ് കാലത്തായിരുന്നു നടി മിയയ്ക്കും ഭർത്താവ് അശ്വിനും ആൺകുഞ്ഞ് പിറന്നത്. ഏഴാം മാസത്തിലാണ് മിയ കുഞ്ഞിന് ജന്മം നൽകിയത്. ഗർഭിണിയായ സമയത്ത് താൻ നേരിടേണ്ടി വന്ന അവസ്ഥകളെക്കുറിച്ച് മിയ മുൻപ് തുറന്നു പറഞ്ഞിരുന്നു.
Movies
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന ചിത്രമാണ് ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ എത്തുന്നു. ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓൺ ചടങ്ങുകൾ നടന്നു. അഖില ഭാർഗവനാണ് സിനിമയിൽ നായികയായി എത്തുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് നിലീൻ സാന്ദ്രയാണ്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ. കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു.
ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം - അഖിൽ സേവ്യർ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, വിഎഫ്എക്സ്- പിക്ടോറിയൽ വിഎഫ്എക്സ്, മാർജാര വിഎഫ്എക്സ്, അസോഷ്യേറ്റ് ഡയറക്ടർ- അജിത് ജോസ്, അസോഷ്യേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് - മുബീൻ മുഹമ്മദ്, ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ - ഡ്രീം ബിഗ് ഫിലിംസ്. പിആർഒ-എ.എസ്. ദിനേശ്.
Movies
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടൻ ജോയി മാത്യുവും സംവിധായിക ശ്രുതി ശരണ്യവും.
കേരള സ്റ്റേറ്റ് മസ്കുലിൻ അവാർഡുകൾ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് ശ്രുതി ശരണ്യം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ വിമർശിച്ച് രംഗത്തെത്തിയത്.
വേടനെതിരെ സ്ത്രീപീഡനം ഉൾപ്പടെയുള്ള കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പുരസ്കാരം നൽകുന്നത് നിയമത്തെ പരിഹസിക്കലാണെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു.
ശ്രുതിയുടെ പോസ്റ്റിന്റെ പൂർണരൂപം
കേരള സ്റ്റേറ്റ് മസ്കുലിന്‍ അവാര്‍ഡ്സ്-പ്രധാന ഭാഗങ്ങൾ എന്‍ട്രികളുടെ പത്ത് ശതമാനം മാത്രമേ സ്ത്രീകേന്ദ്രീകൃത സിനിമകൾ ഉണ്ടായിരുന്നുളളൂവെന്നാണ് ജൂറി ചെയര്മാന് തന്നെ പറഞ്ഞത്.
എന്നിട്ട് അവര്‍ ഒരു ഹൊയ്ഡെനിഷ് സിനിമയ്ക്കുമേല് അവാര്‍ഡുകള്‍ ചൊരിഞ്ഞു. അതും പോരാതെ ലൈംഗിക കുറ്റവാളികളെ പോലും ഒരു മടിയില്ലാതെ ആഘോഷിക്കുന്നു.
‘ബഹുമാനപ്പെട്ട’ ജൂറിക്കു മെയിൽ ഗെയ്സ് (പുരുഷ നോട്ടം) എന്താണെന്ന് മനസിലാക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നത് വ്യക്തം. ഇതിനിടെ കാനിലും സിയോളിലും തരംഗം സൃഷ്ടിച്ച സ്ത്രീകേന്ദ്രീകൃത സിനിമകളടക്കം സൗകര്യപൂര്‍വം മാറ്റി നിര്‍ത്തപ്പെടുന്നു. അവന്റെ സിനിമ. അവന്റെ അവാര്‍ഡ്. അവന്റെ നോട്ടം’.
ജോയ് മാത്യുവിന്റെ കുറിപ്പ്
അവാർഡ് കൊടുക്കുക തന്നെ വേണം... ഒരാൾ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ, നിയമത്തിന്റെ കണ്ണിൽ അയാൾ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്?
അവാർഡ് നൽകേണ്ടയാൾ സ്ത്രീ ശാക്തീകരണം എന്നും അബലകൾക്ക് ആശ്രയമാണ് എന്ന് നാഴികയ്ക്ക് നാൽപത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രിയും!
അപ്പോൾ ചെയ്യേണ്ടത് എന്താണെന്ന് വച്ചാൽ അർഹതയ്ക്കുള്ള അവാർഡ് പ്രഖ്യാപിക്കുകയും വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള ഒരു സ്പെഷൽ അവാർഡ് കൂടി പ്രഖ്യാപിക്കുക. അപ്പോൾ പിന്നെ അവാർഡ് ജേതാവ് ആ വഴിക്ക് വരില്ല.
ഭാവിയിൽ പീഡന പ്രക്രിയയിൽ നിന്നും അയാൾ മാറിനടക്കുകയും ചെയ്യും, ജൂറിക്കും സർക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം.
ഗുണപാഠം: ഇങ്ങനെയുള്ളവർ ഭാവിയിൽ സ്ത്രീ പീഡന പ്രക്രിയ ഉപേക്ഷിച്ച് നല്ല കുട്ടികളായി മാറും.
Movies
ബ്ലോക്ബസ്റ്റർ ചിത്രം തുടരുമിന് ശേഷം വീണ്ടും ഒന്നിക്കാനൊരുങ്ങി മോഹൻലാലും തരുൺ മൂർത്തിയും. തുടരും സിനിമയുടെ സക്സസ് മീറ്റിൽ വച്ച് നിർമാതാവ് എം.രഞ്ജിത്താണ് ഈ വാർത്ത പങ്കുവച്ചത്. പുതിയ ചിത്രം നിർമിക്കുന്നത് എം.രഞ്ജിത്തിന്റെ രജപുത്ര വിഷ്വൽ മീഡിയ തന്നെയാകും.
തരുൺ മൂർത്തി അടുത്ത മോഹൻലാൽ ചിത്രം ചെയ്യുന്നു എന്നാണ് രഞ്ജിത് വേദിയിൽ വച്ച് പ്രഖ്യാപിച്ചത്.
തുടരുമിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ ഈ ചിത്രം പുതിയ കഥ ആയിരിക്കുമെന്നാണ് സൂചന.
മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് തരുണ്‍ മൂര്‍ത്തി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കഥകൾക്കായി അന്വേഷണം നടക്കുന്നുണ്ട്. തുടരും രണ്ടാം ഭാഗത്തിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അത് ഒരു ഒറ്റ സിനിമയായി തന്നെ തുടരട്ടെ എന്നാണ് തരുൺ മൂർത്തി പറഞ്ഞത്.
Movies
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നീണ്ട വിശ്രമത്തിലായിരുന്ന നടൻ മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്. സ്വന്തമായി ഡ്രൈവ് ചെയ്ത് സ്റ്റൈലൻ എൻട്രിയിൽ അദ്ദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആന്റോ ജോസഫിനൊപ്പമാണ് താരം എത്തിയത്.
ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് മമ്മൂട്ടി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്.
ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പേട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു.
Movies
മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് നോട്ടീസ്. നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു. ഒക്ടോബര്‍ 27ന് ഹാജരാകണമെന്നാണ് നിര്‍ദേശം.
കേസില്‍ ഇന്‍ഫോ പാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷമാണ് നടന് ഉണ്ണി മുകുന്ദന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചത്.
ഉണ്ണി മുകുന്ദന് താമസിക്കുന്ന കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റില്‍വച്ച് മാനേജര്‍ ബിപിന്‍ കുമാറിനെ മര്‍ദിച്ചെന്നാണ് പരാതി. മുഖത്തും തലയ്ക്കും നെഞ്ചത്തും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.
എന്നാല്‍ മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാദം. മാനേജരെ ഉപദ്രവിച്ചിട്ടില്ല. തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി കണ്ടതോടെ പിരിച്ചുവിട്ടതെന്നുമാണ് ഉണ്ണി മുകുന്ദന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം.